ഗു ആങ് ഷിയിലെ നിശാഗന്ധിപ്പൂവ്

”ഒരു ജീവിയുടെ ജൈവികാനിവാര്യതയാണത്”

സുഹൃത്ത് അങ്ങനെ പറഞ്ഞപ്പോള്‍ മാറ്റിച്ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ തന്നെ എന്റെ തീരുമാനങ്ങള്‍ പലപ്പോഴും അങ്ങനെയാ.ആരുടെയെങ്കിലും ഉപദേശത്തിനോ നിര്‍ബന്ധത്തിനോ അനുസരിച്ച് അത് മാറിയും മറിഞ്ഞും കൊണ്ടിരിക്കും.സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മ മനുഷ്യ ജീവിതത്തില്‍ ഒരു പോരായ്മ തന്നെയാണ്.

” എന്നാലും , നമുക്ക് പിന്നീടൊരിക്കലായിക്കൂടെ.? ” അങ്ങനെചോദിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

” പോകുന്നെങ്കില്‍ നമുക്ക് ഇന്ന് തന്നെ പോകണം. ധാരാളം സമയം കിട്ടും. ” അവധി ദിനത്തിന്റെ ആനുകൂല്യങ്ങള്‍ ഇങ്ങനെ ഏതെങ്കിലും തരത്തില്‍ ഉപയോഗപ്പെടുത്തുന്നതില്‍ അവന്‍ പണ്ടേ മിടുക്കനാണ്.

നാട്ടില്‍ നിന്നും വന്നതേയുള്ളൂ.ശമ്പളമെടുക്കാതിരുന്നതിനാല്‍ എന്റെ കൈയില്‍ പണത്തിനും ദൗര്‍ലഭ്യമുണ്ടായിരുന്നു.അതും എന്റെ ഒഴികഴിവുകള്‍ക്ക് ഒരു കാരണമാകാം.അക്കാര്യം മനസ്സിലാക്കിയെന്നോണം അവന്‍ പറഞ്ഞു.

” പൈസ ഞാന്‍ തരാം.നീ ശമ്പളം കിട്ടിയിട്ട് തന്നാല്‍ മതി. ”

ഒരാള്‍ക്ക് ബാധ്യസ്ഥനാകുക എന്നത് ഒരിക്കലും ആഗ്രഹിക്കാത്ത ഒരു കാര്യമാണ്.മരണത്തിന് വലിയൊരു അകലം ഞാന്‍ കാണുന്നില്ല.മരണത്തിന്റെ ഗന്ധം എനിക്ക് ചുറ്റുമുള്ള വായുവില്‍ അലിഞ്ഞു ചേര്‍ന്നത് പോലെ അനുഭവപ്പെടാറുണ്ട്.എന്റെ നാസികയ്ക്ക് ആ ഗന്ധം പരിചിതമായിരിക്കുന്നു.

എന്റെ മൗനത്തിന്റെ അറ്റത്ത് പിടിച്ച് അവന്‍ വലിഞ്ഞു കയറി.

” ഏതായാലും ഇന്ന് അഞ്ച് മണിക്ക് നമുക്ക് പോകാം.” സംശയത്തിന്റെ വക്കില്‍ ചാഞ്ചാടിക്കൊണ്ടിരുന്ന ഒരു തീരുമാനത്തെ അവന്‍ പെട്ടെന്ന് ഉറപ്പിച്ചു കളഞ്ഞു.

ഞാന്‍ അതെയെന്നോ അല്ലെന്നോ പറഞ്ഞില്ല.ബാല്‍ക്കണിയില്‍ ഒഴിഞ്ഞ കസേരയിലിരുന്ന് താഴേക്ക് നോക്കി.പതിനാറ് നിലകളുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ നിന്നാണ് ഞാന്‍ താഴേക്ക് നോക്കുന്നത്. വലിയ വാഹനങ്ങള്‍ ചെറിയ ബിന്ദുക്കളായി മാറുന്നത് എന്റെ കാഴ്ചയുടെ പരിധിയായി എനിക്ക് തോന്നി.

എന്റെ മാത്രമല്ല , എല്ലാവരുടേയുംകാഴ്ചകള്‍ ഇത് തന്നെയാണെന്ന സത്യം എന്നെ ചെറുതായൊന്ന് തോണ്ടി വലിച്ചു.മനുഷ്യന്റെ കാഴ്ചകള്‍ക്കുംചിന്തകള്‍ക്കും അതിര്‍ത്തി രേഖകള്‍ വരച്ചിട്ടിരിക്കുന്നു. രാജ്യാതിര്‍ത്തി രേഖകള്‍ പോലെ.ആരാണിങ്ങനെ വരച്ചിട്ടിരിക്കുന്നത്..? ദൈവമോ? അതോ ദൈവത്തിന്റെ പ്രതിനിധികളെന്ന് സ്വയം അവകാശപ്പെടുന്നവരോ..?കഴിഞ്ഞ ദിവസം ഓഫീസില്‍ രണ്ട് പുരോഹിതര്‍ വന്നിരുന്നു.മന:പൂര്‍വ്വം ഞാന്‍ സംഭാഷണം തിയോളജിയിലേക്കും തിയോ സാഡിസത്തിലേക്കും വഴി തിരിച്ചു വിട്ടു.

” എന്റെ ഉള്ളില്‍ നിന്നും ദൈവം എന്നോട് കല്പിച്ചത്‌കൊണ്ടാണ് ഞാനിവിടെ വന്നത്. ”

അയാള്‍ അങ്ങനെ പറഞ്ഞപ്പോള്‍ , അയാള്‍ക്ക് നേരെ നോക്കി ഞാന്‍ ചോദ്യമെറിഞ്ഞു.

” നിങ്ങള്‍ തീര്‍ത്ഥങ്കരനാണോ ? ” ആണെന്നോ അല്ലെന്നോ അയാള്‍ പറഞ്ഞില്ല. സമയം അതിക്രമിച്ചെന്ന് പറഞ്ഞ് അയാള്‍ ഇറങ്ങിപ്പോയി.

സമൂഹത്തിലെ എല്ലാത്തരം കാപട്യങ്ങളും ഒളിപ്പിച്ചു വെച്ചിരിക്കുന്നത് പുരോഹിതന്റെ വെള്ള വസ്ത്രത്തിനകത്താണെന്ന് എനിക്ക് തോന്നി.
എല്ലാം ദൈവത്തിന്റെ ഉള്‍വിളിയാണെന്ന് പറയുമ്പോള്‍ കേള്‍വിക്കാരന്‍ നാവ് ചുണ്ടുകള്‍ക്കകത്ത് പൂഴ്ത്തി വെക്കുന്നു.

അവന്‍ നേരത്തേ എത്തി. അഞ്ച് മണിക്ക് മുമ്പേ തന്നെ എന്നെ മുറിക്കകത്ത് നിന്ന് പുറത്തിറക്കുന്നതില്‍ അവന്‍ വിജയിച്ചു.പാക്കിസ്താനി ടാക്‌സി ഡ്രൈവറോട് ബ്രിഡ്ജ് റോഡ് എന്ന് മാത്രം പറഞ്ഞു.അയാള്‍ കൃത്യമായിത്തന്നെ ഞങ്ങളെ എത്തിച്ചു.വീതിയേറിയ റോഡിലൂടെ വാഹനങ്ങള്‍ പല ദിക്കുകളിലേക്കായി ഓടിക്കൊണ്ടിരിക്കുന്നു.സ്ഥല പരിചയം ഇല്ലാത്തതിനാല്‍ ഞങ്ങള്‍ നീല കെട്ടിടം നോക്കി നടന്നു.

” നീല കെട്ടിടത്തിലെ എം ഫ്‌ലാറ്റിലാണെന്നാ പറഞ്ഞത്. ” അവന്‍ പറഞ്ഞു.

ഞങ്ങള്‍ക്ക് അധിക ദൂരം നടക്കേണ്ടി വന്നില്ല.പുറത്തെഴുതിയിരിക്കുന്ന ബോര്‍ഡ് വായിച്ച് ഞങ്ങള്‍ അകത്തേക്ക് കടന്നു.ഔഷധ സസ്യങ്ങളുടെ ചിത്രങ്ങളാണ് മുറി നിറയെ.. ചുമരിന്റെ ബാക്കി ഭാഗങ്ങള്‍ക്ക് പച്ച നിറം പകര്‍ന്നിരിക്കുന്നു.

” ഹായ് സര്‍ ” ശബ്ദം കേട്ട ദിക്കിലേക്ക് തല തിരിച്ചത് ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ചായിരുന്നു.

പത്തോളം പേരടങ്ങുന്ന സുന്ദരിമാരുടെ ഒരു സംഘം !

എല്ലാവരുടെ മുഖത്തും കൃത്രിമമായ ഒരു പുഞ്ചിരി നിഴലിച്ചിരിക്കുന്നു. തിളക്കമില്ലാത്ത ചിരികള്‍ അവരുടെ മുഖത്ത് കയറിയിറങ്ങി. ഹൃദയത്തിനകത്ത് നിന്ന് വാള്‍പ്പയറ്റിന്റെ ശബ്ദം എനിക്കപ്പോള്‍ കേള്‍ക്കാമായിരുന്നു.ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള യുദ്ധത്തിന്റെ അങ്കം വെട്ട്.ഞാനവന്റെ മുഖത്തേക്ക് നോക്കി.

ഒരു അധര്‍മ്മചിന്തയും അവനെ വേട്ടയാടുന്നില്ല.അല്ലെങ്കിലും അവനിതൊക്കെ ജൈവീകനിവാര്യതയായി കാണുന്നവനല്ലെ.ഇതിനിടയില്‍ അവന്‍ കൗണ്ടറില്‍ ഞങ്ങളുടെ രണ്ട് പേരുടേയും പണമടച്ചിരുന്നു.ആളൊന്നിന് നൂറ്റമ്പത് ദിര്‍ഹം !

എന്റെ അടിവയറ്റില്‍ നിന്നും ഒരു വൈദ്യതിതരംഗം ചെറുകുടലും വന്‍കുടലും കത്തിയെരിച്ച് , ശ്വാസകോശത്തിനകത്ത് വിള്ളല്‍ വീഴ്ത്തി ഹൃദയത്തിന് നേരെ പാഞ്ഞടുക്കുന്നത് പോലെ !

കല്‍ചുമരുകളെ ഗര്‍ഭം ധരിക്കാന്‍ കഴിയാത്ത , മഴയും വെയിലും മാറിമാറിക്കൊണ്ട് , നനഞ്ഞും ഉണങ്ങിയും വരണ്ടും കാട്ടുചെടികള്‍ പടര്‍ന്നും നില്‍ക്കുന്ന എന്റെ സ്വപ്ന വീടിന്റെ അടിത്തറയാണ് എന്റെ മുമ്പിലപ്പോള്‍ പ്രത്യക്ഷപ്പെട്ടത്.നാട്ടിലെ രണ്ടായിരം രൂപ !രണ്ട് വരി ചുമര്‍ !

ഒരു കൊല്‍ക്കൊത്തക്കാരിപ്പെണ്ണിനേയും കൂട്ടി അപ്പോഴേക്കും അവന്‍ മറ്റൊരു മുറിയിലേക്ക് പോയിരുന്നു.ഇതി കര്‍ത്തവ്യഥാ മൂഢനായിനിന്ന എന്റെ ചലനമറ്റ കണ്ണുകള്‍ക്ക് മുമ്പില്‍ അപ്പോള്‍ ആരും തന്നെ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

” സര്‍ ആരെ വേണമെങ്കിലും തിരഞെടുത്തോളൂ.” കൗണ്ടറിലെ പെണ്ണ് എന്നോട് ഉച്ചത്തില്‍ പറഞ്ഞു.

ഇളം റോസ് നിറമുള്ള അവരുടെ ടീ ഷര്‍ട്ടില്‍ ഓരോ അക്കങ്ങള്‍ പതിച്ചിരുന്നു.1..2..3..അത് അവരുടെ വര്‍ക്കിങ്ങ് ഡീറ്റൈല്‍സ് എഴുതി വെക്കാനുള്ള ഡിജിറ്റലായിരിക്കുമെന്ന് ഞാന്‍ കരുതി.ഒന്നും പറയാതെ മിഴിച്ച കണ്ണുകളുമായി നിന്ന എന്റെ മുമ്പിലേക്ക് ഒരു ചൈനക്കാരി പെണ്‍കുട്ടി വന്ന് ചോദിച്ചു.

” യൂ വാണ്ട് മസാജ് ? ”

അതെയെന്നോ അല്ലെന്നോ വായിച്ചെടുക്കാന്‍ പറ്റുന്ന രീതിയില്‍ ഞാന്‍ തലയാട്ടി.അവള്‍ എന്റെ കൈ പിടിച്ച് ഒരു മുറിക്കകത്തേക്ക് കൂട്ടിക്കൊണ്ട് പോയി.ചൈനീസ് സംഗീതത്തിന്റെ ഒരു നേര്‍ത്ത നാദം ,സീലിംഗില്‍ നിന്നും താഴേക്ക് പതിച്ചു കൊണ്ടിരുന്നു.മുറിയുടെ മധ്യത്തില്‍ വീതിയേറിയ ബെഞ്ചി•േല്‍ കിടക്കയും വൃത്തിയായി വിരിച്ച ഷീറ്റും.ബെഞ്ചിന്റെ ഒരു ഭാഗത്ത് ഒരു മനുഷ്യ മുഖം പൂഴ്ത്തി വെക്കാന്‍ പാകത്തില്‍ വലിയ ദ്വാരം.
ജഹലമലെ ൗലെ ീൗൃ ൗിറലൃ ംലമൃ എന്നൊരു നോട്ടീസ് ചുമരില്‍ കണ്ടു.

ദൈവമേ ഈ പെണ്‍കുട്ടിയുടെ അടി വസ്ത്രമാണോ ഞാന്‍ ധരിക്കേണ്ടത്.എന്റെ ഹൃദയമൊന്ന് കാളി. അങ്ങനെയല്ലെന്ന് ബോധ്യപ്പെടാന്‍ എനിക്കധികം സമയം വേണ്ടി വന്നില്ല.പുതിയ പേക്കറ്റ് പൊളിച്ച് ഒരു അടിവസ്ത്രം അവള്‍ എന്റെ മുമ്പിലേക്കിട്ടു.ഞാന്‍ വീണ്ടും അവളുടെ മുമ്പില്‍ ശങ്കിച്ചു നിന്നു.അവളുടെ മുഖത്ത് വല്ലാത്തൊരു നിസ്സഹായതയും ഒരു അപകര്‍ഷതാബോധവും ഞാന്‍ കണ്ടു.കൃത്രിമമായ ഒരു ശൃംഗാര ഭാവത്തോട് തന്നെയാണ് അവള്‍ ഞാനുമായി സംസാരിക്കാന്‍ തുനിഞ്ഞതും.

” എന്താ നിന്റെ പേര് ? ”

പേരറിഞ്ഞിട്ടെന്താ കാര്യം എന്നൊരു ചോദ്യഭാവം അവളുടെ മുഖത്ത് മിന്നിമറിഞ്ഞെങ്കിലും അതൊന്നും പ്രകടമാക്കാതെ അവള്‍ പറഞ്ഞു. ” ജീന ”

” സര്‍, നിങ്ങള്‍ മസാജിനല്ലേ വന്നത് ? വസ്ത്രമഴിക്കൂ. ” ശുദ്ധമായ ഇംഗ്ലീഷില്‍ വ്യാകരണ നിയമങ്ങളെല്ലാം പാലിച്ചു കൊണ്ടാണ് അവള്‍ അങ്ങനെ ആവശ്യപ്പെട്ടത്.എന്നിലെ ആശ്ചര്യം ഒരു ചോദ്യചിഹ്നമായി ഞാനവളുടെ മുമ്പില്‍ അവതരിപ്പിച്ചു. കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നാണെന്റെ കേട്ടറിവ്.അനുഭവത്തില്‍ അത് ഏറെക്കുറെ ശരിയുമായിരുന്നു.

പതിറ്റാണ്ടുകളോളം കമ്യൂണിസ്റ്റുകളുടെ ഭരണത്തിന്‍ കീഴില്‍ ജീവിതം ഹോമിച്ച റഷ്യക്കാരും വ്യക്തി സ്വാതന്ത്ര്യം എന്ന വാക്കിന്റെ അര്‍ത്ഥ തലങ്ങള്‍തേടിയലയുന്ന ചൈനക്കാരും ഇംഗ്ലീഷും അറബിയും സംസാരിക്കാന്‍ കഴിയാതെ എന്റെ മുമ്പില്‍ നട്ടംതിരിഞ്ഞിട്ടുണ്ട്.
ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനമുണ്ടായാല്‍ ലോകവുമായുള്ള സമ്പര്‍ക്കം കൂടുമെന്നും തദ്വാരാ സ്വാതന്ത്ര്യത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ അവര്‍ നിര്‍വ്വചിക്കുമെന്നും അധികാരികള്‍ ഭയന്നിട്ടുണ്ടാകാം.

”എനിക്ക് ഹോട്ടലിലായിരുന്നു മുമ്പ് ജോലി.” എന്റെ സംശയത്തിന്
അവള്‍ ഉത്തരം തരികയും വീണ്ടും വസ്ത്രമഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.
” എനിക്ക് മസാജ് വേണ്ടത് ശരീരത്തിനല്ല.മനസ്സിനാണ്. ” പല പുരുഷ•ാരുടേയും കാമാര്‍ത്തമായപുഞ്ചിരി കണ്ട അവള്‍ക്ക് മുമ്പില്‍ അല്പം വ്യത്യസ്തമായ പുഞ്ചിരി അവതരിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.

” പിന്നെ !” അവള്‍ അര്‍ധോക്തിയില്‍ നിര്‍ത്തുകയും തുടരുകയും ചെയ്തു. ” റിലാക്‌സേഷന്‍ ഫുള്‍ ബോഡി മസാജിനാണ് നിങ്ങളുടെ സുഹൃത്ത് കൗണ്ടറില്‍ പണമടച്ചത്.അത് നിര്‍വ്വഹിക്കേണ്ടത് എന്റെ കടമയാണ്.”

” ഒരു മണിക്കൂര്‍ നമുക്ക് നിന്നെക്കുറിച്ചും നിന്റെ നാടിനെക്കുറിച്ചും സംസാരിച്ചിരിക്കാം. ” ജീന സമ്മതിച്ചില്ല.അവള്‍ എന്റെ കുപ്പായത്തിന്റെ കുടുക്കുകള്‍ ഓരോന്നായി അഴിക്കുകയും പിന്നെ പാന്റിനെ മുറുക്കിയിരിക്കുന്ന ബെല്‍ട്ട് അയച്ചിടുകയും ചെയ്തു.

പുരുഷന്റെ സടകുടഞ്ഞെഴുന്നേല്‍ക്കലുകള്‍ എന്നില്‍ നിന്നും എങ്ങോ ഓടി മറഞ്ഞത് പോലെ എനിക്ക് തോന്നി.ലൈംഗിക വികാരത്തിന്റെ യാതൊരു തള്ളിക്കയറ്റമോ അല്ലെങ്കില്‍ ശാന്തമായ ഒരു ഒഴുക്കോ എനിക്കനുഭവപ്പെട്ടില്ല.ഒഴുക്ക് നഷ്ടപ്പെട്ട തണ്ണീര്‍ത്തടം പോലെ എന്നിലെ വികാരങ്ങള്‍ എങ്ങും പോകാതെ ഹൃദയത്തിനകത്ത് പരന്നു കിടന്നു.വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടും.!

എന്ത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നെനിക്കറിയില്ല.നിസ്സഹായതയെ ചൂഷണം ചെയ്യാന്‍ ഒരിക്കലും എനിക്കാകുമായിരുന്നില്ല.വാ പിളര്‍ത്തി വരുന്ന വ്യാഘ്രത്തെ നോക്കുന്നത് പോലെയാണ് അവള്‍ ആദ്യമെന്നെ നോക്കിയത്.ഇപ്പോള്‍ സൗഹൃദം ഭാവിക്കുന്നുണ്ടെങ്കിലും.

‘ എന്റെ സാമ്പത്തിക നിസ്സഹായതയെ ചൂഷണം ചെയ്യാന്‍ വന്നവനല്ലേ നീ ? ‘ പുറമെ പറഞ്ഞില്ലെങ്കിലും മനസ്സിലെങ്കിലും അവളങ്ങനെ ചോദിച്ചിട്ടുണ്ടാകാം. എന്റെ തോന്നലുകള്‍ ഇപ്പോഴും മനസ്സിനകത്ത് ഖനീഭവിച്ചിരിക്കുന്നു.

അവള്‍ എനിക്ക് മുമ്പിലിട്ട് തന്ന അടി വസ്ത്രം ധരിച്ച് വീതിയുള്ള ബെഞ്ചി•േല്‍ ഞാന്‍ കിടന്നു.ഇലക്ട്രിക് ബള്‍ബ് അവള്‍ ഡിം ചെയ്തു.മുറിക്കകത്ത് സന്ധ്യാ വെളിച്ചം.മുല്ലപ്പൂവും ചന്ദനവും കൂടിച്ചേര്‍ന്ന ഒരു സുഗന്ധവും മുറിക്കകത്തുണ്ടായിരുന്നു.അവള്‍ എന്റെ വലത് ചൂണ്ട് വിരല്‍ പിടിച്ച് അഗ്രത്ത് പ്രത്യേക രീതിയില്‍ ചെറുതായി അമര്‍ത്തി.ഒരു മൊട്ട്‌സൂചി തറിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.ആ ലഘു വേദനയുടെ സുഖം ചൂണ്ടു വിരലില്‍ നിന്നും തലച്ചോറിലെത്തി ചുണ്ടുകള്‍ക്ക് പുഞ്ചിരി സമ്മാനിച്ചു.അവള്‍ അങ്ങനെത്തന്നെ എന്റെ കൈ വെള്ളയിലും കൈത്തണ്ടയിലും കക്ഷത്തുമെല്ലാം ചെയ്തു കൊണ്ടിരുന്നു.

” ഈ സംഗീതം ആരുടേതാണ് ?” അവളുടെ കൈ വിരലുകള്‍ വിയര്‍പ്പു വറ്റി വരണ്ട എന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമര്‍ത്തുമ്പോഴുണ്ടാകുന്ന സുഖത്തിന്റെ ലഹരി അനുഭവിക്കുന്നതിനിടയിലും ഞാനങ്ങനെ ചോദിച്ചു.

” സിസ്റ്റര്‍ ലി യു വിന്റേത് ” ഒരു ചിത്രകാരിയുടെ സൂക്ഷ്മതയോടെ എന്റെ ശരീരത്തി•േല്‍ കരവിരുത് പ്രകടിപ്പിക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു.
” ഇത് എന്ത് സംഗീതമാണ് ? ”
”ഞങ്ങളുടെ പ്രവിശ്യയിലെ പ്രാദേശികസംഗീതമാണിത്.”
” നീ ഏത് പ്രവിശ്യയില്‍ നിന്നാണ് ? ”

”ഗു ആങ് ഷി. ” അവളുടെ ചൈനീസ് ഉച്ചാരണം എന്നെ വിവരം കെട്ടവനാക്കി.ഒരിക്കല്‍ കൂടി ആ പേര് പറയാന്‍ ഞാന്‍ അവളോട് ആവശ്യപ്പെട്ടു.

”ഗു- ആങ്- ഷി ” അങ്ങനെ പറയുമ്പോള്‍ അവളുടെ മുഖത്ത് അല്പം ധാര്‍ഷ്ട്യമുണ്ടായിരുന്നു.

”ബീജിങ്ങിനടുത്താണോ ഗുആങ്ഷി ? ” എനിക്കറിയാവുന്ന ചൈനയിലെ ഒരേയൊരു സ്ഥലപ്പേരില്‍ ഞാന്‍ കയറിപ്പിടിച്ചു.

”അല്ല ” അങ്ങനെ പറഞ്ഞ് അവള്‍ എന്നോട് കുമ്പിട്ട് കിടക്കാനും മുഖം വലിയ വട്ടത്തിനകത്ത് പൂഴ്ത്തി വെക്കാനും പറഞ്ഞു.പിന്നെ എന്റെ മുതുകില്‍ അവളുടെ കൈ മുട്ട് കൊണ്ട് ശക്തിയായി ഉഴിഞ്ഞു കൊണ്ടിരുന്നു. രണ്ട് കാലുകള്‍ ഇരു വശത്തേക്കുമായി തൂക്കിയിട്ട് അവള്‍ എന്റെ ചന്തിയി•േല്‍ കയറിയിരുന്നു. അവളുടെ രണ്ട് കൈ മുട്ടുകളും എന്റെ മുതുകില്‍ അമര്‍ത്തി കൈ വിരലുകള്‍ കൊണ്ട് കഴുത്തിന്റെ രണ്ട് ഭാഗത്തും ഞെക്കിക്കൊണ്ടിരുന്നു.രക്തയോട്ടത്തിന് ചാലുകള്‍ കീറുന്നത് പോലെ.

അവളുടെ രണ്ട് വലിയ മുലകള്‍ പരുക്കന്‍ പേശികളെപ്പോലെ എന്റെ പുറത്ത് അമര്‍ന്നു.ചൈനക്കാരികളുടെ മുലകള്‍ക്ക് ഇത്ര കാഠിന്യമോ ?
ഇപ്പോള്‍ ഞാന്‍ രണ്ട് ബണ്ണുകള്‍ക്കിടയില്‍ പെട്ട ഒരു ചിക്കന്‍ ബര്‍ഗര്‍ പോലെയാണ്.ബെഞ്ചിനും അവള്‍ക്കുമിടയില്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു ഇന്ത്യക്കാരനാണ് ഞാനിപ്പോള്‍.കഴുത്തിലെ വിരലുകള്‍ തലയിലേക്ക് അമര്‍ന്ന് കയറിക്കൊണ്ടിരുന്നു.

”ബീജിങ്ങില്‍ നിന്നും 1220 മൈല്‍ ദൂരമുണ്ട് ഗു ആങ്ഷിയിലേക്ക്. വിയറ്റ്‌നാമുമായി ഞങ്ങള്‍ അതിര്‍ത്തി രേഖ പങ്കിടുന്നു. ” അവള്‍ അങ്ങനെ പറയുമ്പോള്‍ അവളുടെ ചുണ്ടുകള്‍ എന്റെ ചെവിയുമായി അതിര്‍ത്തി രേഖ പങ്കിടുകയായിരുന്നു.എന്നാല്‍ പക്ഷേ ആ ഉത്തരത്തിന് മറു ചോദ്യമുന്നയിക്കാന്‍ എനിക്കാകുമായിരുന്നില്ല.

”ഞങ്ങളുടെ പ്രവിശ്യയ്ക്ക് സര്‍ക്കാര്‍ പ്രത്യേക അവകാശ നല്‍കിയിട്ടുണ്ട്. ”

”അതെന്താ അങ്ങനെ? ”എന്റെ ചോദ്യങ്ങളോടുള്ള അമര്‍ഷമാണോ അവള്‍ എന്റെ മേല്‍ പ്രതിഫലിപ്പിക്കുന്നതെന്ന് എനിക്ക് സംശയം തോന്നി.പക്ഷേ എന്റെ സംശയം ദുരീകരിക്കും വിധം അവള്‍ കൈമുട്ടുകള്‍ മാറ്റി ചന്തിയി•േല്‍, ഒരു കുഷ്യനു മുകളിലെന്ന പോലെ നിവര്‍ന്നിരുന്നു.പിന്നെ വിരലുകള്‍ കൊണ്ട് ,നട്ടെല്ലിനിടയില്‍ ക്രമരഹിതമായി കിടന്ന കശേരുക്കള്‍ ഓരോന്നായി അടുക്കി വെച്ചു.
വേദനയുടേയും അനുഭൂതിയുടേയും ഇടയിലുള്ള ഒരു പ്രത്യേക സുഖത്തില്‍ ഞാന്‍ ചെറുതായൊന്ന് നിലവിളിച്ചു.

”ആഹ് ” അത് ലൈംഗികതയുടെ സ്വരമായിരുന്നോ അതോ വേദനയുടെ രോദനമായിരുന്നോ എന്ന് വേര്‍തിരിച്ചെടുക്കാന്‍ പറ്റുമായിരുന്നില്ല.
” 1958??? ല്‍ ചൈനയോട് ചേര്‍ത്തതാണ് ഞങ്ങളെ . ഇപ്പോള്‍ നിങ്ങളുടെ സിക്കിമിനെ ചേര്‍ക്കണമെന്ന് പറയുന്നത് പോലെ.”
എനിക്കവളോട് മതിപ്പ് തോന്നി.ഇവള്‍ വെറും നിശാഗന്ധിപ്പൂവല്ല. ചരിത്രവും രാഷ്ട്രീയവുമെല്ലാം അറിയുന്നവള്‍ !

” എന്തിനാണവര്‍ സിക്കിമിന് മേല്‍ അവകാശവാദമുന്നയിക്കുന്നത്”

”കൈയ്യൂക്ക് ,അല്ലാതെന്താ ? ”

” ചൈന നീതിക്കും ശരിക്കും വേണ്ടി നില കൊള്ളുന്ന ശക്തമായ ഒരു രാഷ്ട്രമെന്നാണ് ശരാശരി ഇന്ത്യക്കാരന്‍ കരുതുന്നത്.”

”അഫ്ഗാന്‍, ഇറാഖ്, കൊസാവോ തുടങ്ങിയ ലോകസംഭവങ്ങളിലെല്ലാം ഞങ്ങള്‍ മൂഢമായ ഒരു മൗനമല്ലേ പാലിച്ചത് ? നീതിക്ക് വേണ്ടി ഞങ്ങള്‍ ശബ്ദിച്ചോ ? മുല്ലപ്പൂ വിപ്ലവത്തിന്റെ ഭാഗമായി ജനാധിപത്യത്തിനായി ഉത്തരാഫ്രിക്കയിലും മധ്യേഷ്യയിലുമെല്ലാം നടന്ന ജനകീയവിപ്ലവത്തിന്റെ അലയൊലികള്‍ ഞങ്ങളുടെ നാട്ടിലുമുണ്ടായിരുന്നു.നിങ്ങള്‍ പുറം ലോകമറിഞ്ഞതിനേക്കാളും എത്രയോ ഭീകരമായി സര്‍ക്കാര്‍ അതിനെ അടിച്ചമര്‍ത്തി. ” അവള്‍ വിറക്കുന്നുണ്ടായിരുന്നു.

” ലോക വാര്‍ത്തകളില്‍ ഇതൊക്കെ ഇടം പിടിക്കാതെ പോകുന്നതെ ന്താണ് ? ” സംശയം ഞാന്‍ പുറത്ത് പ്രകടിപ്പിക്കാതിരുന്നില്ല.
” ഗൂഗിള്‍ അടക്കമുള്ള അത്യന്താധുനിക ആശയസംവേദന മാധ്യമങ്ങളെല്ലാം ഞങ്ങളുടെ നാട്ടില്‍ നിരോധിക്കപ്പെട്ടിരിക്കുകയാണ്.പുറം ലോകത്തേക്ക് പോകുന്ന വാര്‍ത്തകളെല്ലാം സെന്‍സര്‍ ചെയ്യപ്പെടുകയും മോണിറ്റര്‍ ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഒളിമ്പിക്‌സ് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന നിങ്ങളുടെ നാട്ടിലെയും പുറം നാട്ടിലേയും പത്രക്കാരെല്ലാം ഞങ്ങള്‍ പാമ്പിനേയും വണ്ടിനേയും തിന്നുന്നത് മാത്രമെഴുതി.പ്രജകള്‍ വണ്ടിക്കാളകളാക്കപ്പെടുന്നതിനെപ്പറ്റി ആരുമെഴുതിയില്ല. ” അവളുടെ കൃതാവില്‍ നിന്നും ഒലിച്ചിറങ്ങിയ വിയര്‍പ്പുതുള്ളികള്‍ എന്റെ പുറത്ത് ഇറ്റി വീണു.

അവള്‍ എന്റെ ചന്തിയി•േല്‍ നിന്നും മാറി കണങ്കാലില്‍ ഇരിപ്പുറപ്പിച്ചു.എന്റെ അടി വസ്ത്രം ഒരു പേറ്റുതൂണി കീറുമ്പോലെ താഴോട്ട് വലിച്ചിട്ടു.ചന്തിയിലെ പിടയ്ക്കുന്ന മാംസത്തി•േല്‍ മൃദുവായൊന്ന് തലോടി.ഏന്തി വലിഞ്ഞ് മേശയി•േല്‍ നിന്ന് ഒരു കുപ്പി ഓയിലെടുത്ത് അതില്‍ നിന്ന് അല്പം ചന്തിയി•േലൊഴിച്ച് തടവി.

നിശ്ചലമായിക്കിടന്ന ചന്തിയുടെ മുന്‍ഭാഗത്ത് നിന്നും ചെറിയൊരനക്കം അനുഭവപ്പെട്ടു.കിടക്ക ഞെരിപിരി കൊള്ളുന്നത് പോലെ.ഓയില്‍ കുപ്പി തിരികെ വെച്ച് അവള്‍ ചന്തിയി•േല്‍ അടിക്കാന്‍ തുടങ്ങി.

”നീ വിവാഹിതയാണോ ? ” അപ്പോള്‍ അങ്ങനെ ചോദിക്കാനാണ് എനിക്ക് തോന്നിയത്.മനസ്സും ശരീരവും സമാന്തരമായാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. അത് കൊണ്ടാണ് അങ്ങനെ തോന്നിയതും.

”അതെ ,ഭര്‍ത്താവ് നാട്ടില്‍ ബസ് ഡ്രൈവറാണ്. ”

”എത്ര കുട്ടികള്‍ ? ”

”ചൈനക്കാരുടെ മുമ്പില്‍ തികച്ചും അപ്രസക്തമായ ചോദ്യമാണിത്.ഒന്നില്‍ക്കൂടുതലായാല്‍ ഭീമമായ സംഖ്യ പിഴയൊടുക്കേണ്ടി വരും.സര്‍ക്കാര്‍ വക പീഢനങ്ങള്‍ വേറെയും. ” ഞാന്‍ മനസ്സില്‍ ബാക്കി വെച്ച ചോദ്യങ്ങളെല്ലാം വായിച്ചെടുത്ത് അവള്‍ ഉത്തരം നല്‍കിക്കഴിഞ്ഞു.

”നിങ്ങളുടെരാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറവല്ലേ ? ”രണ്ട് കൈപ്പത്തികള്‍ ചേര്‍ത്ത് വെച്ച് ,ചന്തിയി•േല്‍ അവള്‍ അപ്പോഴും അടിച്ചു കൊണ്ടിരുന്നു.അടിയുടെ വേഗത താളാത്മകമായി വര്‍ധിച്ചും കൊണ്ടിരുന്നു.

”പൂജ്യവും പൂജ്യവും തമ്മിലുള്ള വ്യത്യാസം പൂജ്യം തന്നെയല്ലേ?” എന്റെ ചോദ്യത്തിനുള്ള ഉത്തരം അവള്‍ ഒരു ഗണിത സൂത്രവാക്യത്തിലൊതുക്കി.

എന്റെ ചന്തിയുടേയും തുടയുടേയും ഇടയിലുള്ള തൊലിയിലെ മടക്കുകള്‍ നിവര്‍ത്തി ,തള്ള വിരലും ചൂണ്ടു വിരലും ചേര്‍ത്ത് അവള്‍ ഞെരിച്ചു കൊണ്ടിരുന്നു.ക്രമേണ ആഞെരിക്കലുകളുടെ താണ്ഢവം എന്റെ തുടയി•േലായി.

”നിങ്ങളുടെ രാജ്യം സെക്‌സ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നില്ലേ ? ” അവള്‍ എന്റെ കണങ്കാലിലെ പേശികള്‍ മുകളിലോട്ടും താഴോട്ടും ഉരുട്ടിക്കളിക്കുകയായിരുന്നു.എനിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടു.

”ഞങ്ങളുടെ രാജ്യത്ത് സ്ത്രീകള്‍ ചരക്കുകളാണ്.പുരുഷന്റെ ഡ്യൂപ്ലിക്കേറ്റുകള്‍.ഉദ്ധരിച്ചു നില്‍ക്കുന്ന പുരുഷന് കാമശമനത്തിനുള്ള ഒരു ഡ്യൂപ്ലിക്കേറ്റ് ഉത്പന്നം! ” അത് പറയുമ്പോഴേക്കും അവള്‍ എന്റെ ഉപ്പൂറ്റിയും പാദവുമെല്ലാം മസാജ് ചെയ്ത് കഴിഞ്ഞിരുന്നു.എന്നോട് എഴുന്നേറ്റോളാന്‍ പറഞ്ഞു.അല്പനേരം മലര്‍ന്ന് കിടന്ന് ഞാന്‍ പുതിയ ലോകം കണ്ടു.

”എനിക്ക് ചൈനയെക്കുറിച്ച് ഇനിയുമറിയണം. ” എഴുന്നേല്‍ക്കാതെ തന്നെ ഞാനവളോട് പറഞ്ഞു.

അവള്‍ മറുപടിയൊന്നും പറഞ്ഞില്ല.രൂക്ഷമായി എന്നെ നോക്കിക്കൊണ്ടിരുന്നു.പിന്നെ വേഗത്തില്‍ ടീ ഷര്‍ട്ട് അഴിച്ചു മാറ്റി ബ്രായുടെ ഹുക്ക് വിടുവിച്ചു.ആശ്ചര്യം കൊണ്ട് ഞാന്‍ ദൈവത്തെ വിളിച്ചു പോയി.

”ഡ്യൂപ്ലിക്കേറ്റ് മുലകള്‍ ! ”

ശുഭം